സംഘടന- കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ


1971 ജൂലൈ മാസം പത്താം തീയതി ട്രേഡ് യൂണിയൻ ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്തു നിലവിൽ വന്ന കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ, കെഎസ്എഫ്ഇ യിലെ വർക്ക് മെൻ ജീവനക്കാരെ പ്രതിനിധീകരിക്കുന്നു. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾ രൂപീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും സംഘടന പ്രതിജ്ഞാബദ്ധമായ നിലപാട് സ്വീകരിച്ചു മുന്നേറുന്നു. അവകാശ പോരാട്ടങ്ങൾക്ക് ഒപ്പം ഉത്തരവാദിത്വവും ചുമതലാ ബോധവുമുള്ള തൊഴിലാളികളാക്കി അംഗങ്ങളെ പരിവർത്തനപ്പെടുതുന്നതിനും വർഗ ബഹുജന സംഘടനകളുമായുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും സംഘടന പ്രവർത്തിക്കുന്നു. അതോടൊപ്പം കെഎസ്എഫ്ഇ എന്ന പൊതുമേഖല ധനകാര്യ സ്ഥാപനത്തെ കൂടുതൽ വിപുലപ്പെടുത്തി മുന്നേറുന്നതിനുള്ള ചാലകശക്തി യായും സംഘടന പ്രവർത്തിക്കുന്നു.

നിലപാട്

ധനകാര്യ മേഖലയിലും സാമൂഹ്യ മേഖലയിലും അടിക്കടി വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയും ചലനങ്ങളെയും സസൂക്ഷ്മം വിലയിരുത്തി വസ്തുനിഷ്ഠമായി പരിശോധിച്ചാണ് സംഘടന നിലപാട് കൈക്കൊള്ളുന്നത്. നമ്മുടെ രാജ്യവും സംസ്ഥാനവും കടന്നുപോയിട്ടുള്ള പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തന്നെ ജീവനക്കാരെ പുരോഗമന നിലപാടുകളിൽ ഉറപ്പിച്ചുനിർത്തികൊണ്ട് സംഘടന മുന്നോട്ടു പോകുന്നു. കെഎസ്എഫ്ഇ പ്രധാനമായും ചിട്ടി വ്യവസായത്തിൽ അധിഷ്ഠിതമായ സ്ഥാപനമാണ്. കേരളത്തിന്റെ തനത് പാരമ്പര്യം വിളിച്ചോതുന്ന വിശ്വസ്തമായ സാമ്പത്തിക ഇടപാടാണ് ചിട്ടി. ഉദാത്തമായ ഒരു സാമൂഹ്യ സംരംഭമായ ചിട്ടിക്കു അതിന്റെ വരിക്കാരുടെ പരസ്പര വിശ്വാസം ആണ് കുലീന മൂലധനം. ആധുനിക നവോത്ഥാന കേരളത്തിന് അടിത്തറയിട്ട സഖാവ് ഇഎംഎസ് ആണ് കെഎസ്എഫ്ഇ യുടെയും ശില്പി. 1967 സഖാവ് ഇഎംഎസ് മുഖ്യമന്ത്രിയും ശ്രീ പി കെ കുഞ്ഞു ധനകാര്യ മന്ത്രിയുമായിരുന്നപ്പോഴാണ് കെഎസ്എഫ്ഇ എന്ന ആശയം രൂപം കൊള്ളുന്നത്. 1969 നവംബർ ആറിന് തൃശൂർ ആസ്ഥാനമായി കെഎസ്എഫ്ഇ നിലവിൽ വന്നു. കേരളത്തിലെ ചിട്ടി വ്യവസായ രംഗത്തെ അനാശാസ്യ പ്രവണതകൾക്ക് വിരാമം ഇടുന്നതിനും സാമ്പത്തിക ചൂഷണത്തിൽ നിന്നും ചിട്ടി വരിക്കാരെ മോചിപ്പിക്കുന്നതിനും കെഎസ്എഫ്ഇ നിർണായകമായ പങ്കുവഹിച്ചു. ഇഎംഎസിന്റെ സ്വപ്നസാക്ഷാത്കാരം ലക്ഷ്യമാക്കി സംഘടന നിലപാട് സ്വീകരിച്ച പ്രവർത്തിക്കുന്നു.



അംഗത്വം

കെഎസ്എഫ്ഇ യിലെ വർക്ക് മാൻ വിഭാഗത്തെ സംഘടനാ പ്രതിനിധീകരിക്കുന്നു. പാർട്ട് ടൈം സ്വീപ്പർ, ഓഫീസ് അറ്റൻഡൻറ് , ഡ്രൈവർ ,അസിസ്റ്റന്റ് കേഡറിൽ ഉള്ള ജീവനക്കാരാണ് സംഘടനയിലെ അംഗങ്ങൾ. 50 രൂപയാണ് അംഗത്വഫീസ്. മാസ വരിസംഖ്യ 25 രൂപയാണ്. അംഗത്വത്തിനുള്ള അപേക്ഷ ജില്ലാ കമ്മിറ്റികൾ സ്വീകരിച്ച് സംസ്ഥാന കമ്മിറ്റിക്ക് കൈമാറുന്നതും പരിശോധനയ്ക്ക് വിധേയമായി അംഗത്വം നൽകുന്നതുമാണ്. നിലവിൽ സംഘടനയുടെ അംഗസംഖ്യ 3355 ,അതിൽ 2129 പേർ വനിതകളുമാണ്.

സംഘടനാരൂപം

സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന കമ്മിറ്റി, സംസ്ഥാന ജനറൽ കൗൺസിൽ ജില്ലാ കമ്മിറ്റി, യൂണിറ്റ് കമ്മിറ്റി എന്നിങ്ങനെ വിവിധ തട്ടുകളിലായി സംഘടനാപ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നു. വനിതാ ജീവനക്കാർ അഭിമുഖീകരിക്കുന്ന പ്രത്യേക പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനും പരിഹരിക്കുന്നതിനും ആയി സംസ്ഥാന വനിതാ സബ്കമ്മിറ്റിയും ജില്ലാ വനിതാ സബ് കമ്മിറ്റികളും പ്രവർത്തിക്കുന്നു.

ആസ്ഥാന മന്ദിരം

സംഘടനയുടെ ആസ്ഥാനമന്ദിരം തൃശ്ശൂർ കോട്ടപ്പുറം റോഡിലെ ഇഎംഎസ് മന്ദിരമാണ്. കെഎസ്എഫ്ഇ യുടെ ഹെഡ് ഓഫീസ് തൃശൂരിൽ ആയതിനാൽ അവിടം കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ആസ്ഥാനമന്ദിരം തൃശൂരിൽ സ്ഥാപിച്ചത്.

മുഖപത്രം

സംഘ വേദിയാണ് സംഘടനയുടെ മുഖപത്രം. 1981 മുതൽ പ്രസിദ്ധീകരിക്കുന്നു. വർഷത്തിൽ നാല് ലക്കങ്ങളാണ് പ്രസിദ്ധീകരിക്കുന്നത് ധനകാര്യ മേഖലയിലെ ചലനങ്ങൾക്കൊപ്പം തൊഴിലാളികളെയും ജനസാമാന്യത്തയും ബാധിക്കുന്ന ആനുകാലിക രാഷ്ട്രീയ പ്രശ്നങ്ങളും പരിശോധിക്കുന്നതാണ് സംഘവേദിയുടെ ഓരോ ലക്കങ്ങളും. ജീവനക്കാരുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിന് ലക്ഷ്യംവച്ചുകൊണ്ട് സ്ഥാപനത്തിലെ നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ച് ആധികാരിക അറിവ് നൽകുന്ന ലേഖനങ്ങൾ സംഘ വേദിയിലൂടെ പ്രസിദ്ധീകരിക്കുന്നു. സംഘടനാ ഭേദമന്യേ ജീവനക്കാരുടെ സർഗ്ഗ സൃഷ്ടികൾക്ക് പരിപോഷണം നൽകുന്നതിനും സംഘ വേദി പ്രാധാന്യം നൽകുന്നു.

അഫിലിയേഷൻ

എല്ലാ ഉല്പാദനോപാധികളുടെയും വിതരണവും വിനിമയവും സാമൂഹ്യ വൽക്കരിക്കുകയും ഒരു സോഷ്യലിസ്റ്റ് ഭരണകൂടം സ്ഥാപിക്കുകയും ചെയ്തു കൊണ്ട് മാത്രമേ തൊഴിലാളിവർഗ്ഗത്തിന് നേരെ നടത്തുന്ന ചൂഷണം അവസാനിപ്പിക്കാൻ കഴിയൂ എന്ന് വിശ്വസിക്കുകയും പോരാടുകയും ചെയ്യുന്ന സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയനിൽ അഫിലിയേറ്റ് ചെയ്തു സംഘടന പ്രവർത്തിക്കുന്നു. 1988 ചേർന്ന സംസ്ഥാന സമ്മേളനമാണ് സിഐടിയു വിൽ അഫിലിയേറ്റ് ചെയ്യാൻ തീരുമാനിച്ചത്.

ചരിത്ര ഏടുകൾ

1971 ശ്രീ എ സി ജോസ് പ്രസിഡണ്ടായി സംഘടന രൂപീകരിച്ചു. 24 -8 -1973 ഉണ്ടായ ശമ്പളപരിഷ്കരണ കരാറിൽ ക്ഷാമബത്ത നൽകാൻ വ്യവസ്ഥയില്ലായിരുന്നു ഇത് ജീവനക്കാരിൽ വലിയ പ്രതിഷേധം ഉണ്ടാക്കുകയും 1973 ഡിസംബർ മാസം ചേർന്ന യൂണിയൻ വാർഷിക സമ്മേളനം സഖാവ് സി.ബി.സി വാര്യരെ സംഘടനയുടെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. തുടർന്ന് ആദ്യ സംസ്ഥാന കമ്മിറ്റി യോഗം വിലക്കയറ്റത്തിനാനുപാതികമായി ക്ഷാമബത്ത നൽകണം എന്ന ആവശ്യം ഉന്നയിച്ചു. നിവേദനങ്ങളും പ്രക്ഷോഭങ്ങളും അവഗണിക്കപ്പെട്ടതിനെ തുടർന്ന് സംഘടനയുടെ നേതൃത്വത്തിൽ 1975 ഫെബ്രുവരി 10 മുതൽ 25 വരെ തുടർച്ചയായി 17 ദിവസം പണിമുടക്ക് നടത്തി.സ്ഥാപനം നിശ്ചലമായി. 26- 2 -1975 തൃശ്ശൂർ രാമനിലയത്തിൽ ചേർന്ന ചർച്ചയിൽ മുഖ്യമന്ത്രി ശ്രീ കരുണാകരനും ധനകാര്യ മന്ത്രി ഡോ.അടിയോടിയും പങ്കെടുത്തുകൊണ്ട് നടന്ന ഉഭയകക്ഷി ചർച്ചയിൽ ക്ഷാമബത്ത എന്ന ആവശ്യം അംഗീകരിച്ചുകൊണ്ടും ശമ്പള സ്കെയിലും അലവൻസുകളും വർധിപ്പിച്ചുകൊണ്ടും കരാർ ഉണ്ടായി. എല്ലാം കൂടി പ്രതിമാസം 242 രൂപ ശമ്പളം കിട്ടിയിരുന്ന ഒരാൾക്ക് ഒറ്റയടിക്ക് 196 രൂപയുടെ വർധന ഉണ്ടായി. കെഎസ്എഫ്ഇ ജീവനക്കാർ ഇന്ന് അനുഭവിക്കുന്ന മെച്ചപ്പെട്ട സേവന വ്യവസ്ഥയ്ക്ക് അടിത്തറയിട്ടത് സംഘടനയുടെ നേതൃത്വത്തിൽ നടന്ന 1975 ലെ 17 ദിവസത്തെ പണിമുടക്ക്മാണ്. പോയിന്റ് ടു പോയിന്റ് ഫിക്സേഷൻ ശമ്പള പരിഷ്കരണം കൊണ്ട് ഇൻഗ്രിമെന്റ് തീയതിയിൽമാറ്റം വരാതിരിക്കൽ എന്നിവയും ഈ കരാറിന്റെ പ്രത്യേകതകളായിരുന്നു. ഈ സമരത്തിലൂടെ സ്റ്റാഫ് അസോസിയേഷൻ കേരളത്തിലെ ജീവനക്കാരുടെ പൊരുതുന്ന സംഘടനകളുടെ നിരയിൽ സുപ്രധാന സ്ഥാനം പിടിച്ചു. 1976 ഓണം അടിയന്തരാവസ്ഥയുടെ മധ്യത്തിൽ ആയിരുന്നു കെഎസ്എഫ്ഇ മുൻവർഷത്തേക്കാൾ ലാഭം നേടിയിരുന്നു 20 ശതമാനം ബോണസ് നൽകുന്നതിന് പകരം കസ്റ്റമറി ബോണസ്(4 ശതമാനം) മാത്രമേ നൽകുകയുള്ളൂ എന്ന നിലപാട് മാനേജ്മെന്റ് സർക്കാരും സ്വീകരിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സഖാവ് സി ബി സി വാര്യർ അടിയന്തരാവസ്ഥ തടവുകാരനായി ജയിലിലായിരുന്നു. സംഘടനാ നേതാക്കൾ പ്രസിഡണ്ടിനെ ജയിലിൽ പോയി സന്ദർശിച്ച ശേഷം ബോണസ് ബഹിഷ്കരിക്കാൻ തീരുമാനിച്ചു. തുടർന്ന് പ്രതിഷേധവും പ്രകടനവും നടത്തി. അടിയന്തരാവസ്ഥ ആയതിനെ തുടർന്ന് പെൻ ഡൌൺ സ്ട്രൈക്ക്, ചട്ടപ്പടി ജോലി എന്നീ സമരമുറകൾ സ്വീകരിച്ചു. 1977 ഫെബ്രുവരിയിൽ മുൻവർഷത്തെ പോലെ 20 ശതമാനം ബോണസ് നൽകാൻ മാനേജ്മെന്റ് നിർബന്ധിതമായി.

ബോണസ് ബഹിഷ്കരണവും അതിന്റെ വിജയവും സംഘടനയുടെ അടിത്തറയും കെട്ടുറപ്പും ശക്തിപ്പെടുത്തി.

1981 ശമ്പളപരിഷ്കരണ കരാർ ഉണ്ടാക്കുന്നതിനുവേണ്ടി 26 ദിവസം പണിമുടക്കം നടത്തി. കരാറിൽ വ്യവസ്ഥ ഇല്ലാത്തതിനാൽ ശമ്പളപരിഷ്കരണ തീയതികളിൽ മുതൽ ഒരു വർഷം കഴിഞ്ഞ് മാത്രമേ ഇൻഗ്രിമെന്റ് നൽകാൻ കഴിയൂ എന്ന നിലപാട് മാനേജിങ് ഡയറക്ടർ സ്വീകരിച്ചു. ഈ നിലപാടിനെതിരെ ഡയറക്ടർ ബോർഡ് മുമ്പാകെ കൂട്ട് നിവേദനം നൽകാനെത്തിയ സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് അബൂബക്കറിനെയും പ്രസിഡന്റ് സഖാവ് കെ .കെ കുറുപ്പിനെയും സംസ്ഥാന കമ്മറ്റി അംഗങ്ങളെയും അറസ്റ്റ് ചെയ്തു. സഖാവ് അബൂബക്കറിനെയും സഖാവ് കെ കെ കുറുപ്പിനെയും 1982 ഓഗസ്റ്റ് നാലിന് സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. മിന്നൽ പണിമുടക്ക് നടത്തി പ്രതികരിച്ചതിന് പേരിൽ ആറ് ക്യാഷ്യർ മാർക്കെതിരെ നടപടി ഉണ്ടായി. പ്രക്ഷോഭം ശക്തിപ്പെട്ടു 1982 ഡിസംബർ പതിനഞ്ചാം തീയതി ധനകാര്യ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ കൂടിയ ചർച്ചയിൽ സംബന്ധിച്ച മുൻ വ്യവസ്ഥ പുനഃസ്ഥാപിക്കപ്പെട്ടു. മുൻ തീയതി പ്രകാരം ഇൻഗ്രിമെന്റ് നൽകി കുടിശ്ശിക തുക ജീവനക്കാർക്ക് നൽകുകയും ചെയ്തു. ജീവനക്കാർക്ക് സംഘടനയിൽ ഉള്ള വിശ്വാസം ദൃഢപ്പെട്ടു. ഇളിഭ്യരായ മാനേജ്മെന്റ് സ്ഥലംമാറ്റവും വഴി സംഘടനയെ തകർക്കാൻ ശ്രമിച്ചുവെങ്കിലും ജീവനക്കാർ ഒറ്റക്കെട്ടായി സംഘടനയ്ക്ക് പിന്നിൽ ഉറച്ചുനിന്നു. 1984 ജൂൺ 30ന് അവസാനിച്ച കരാർ പ്രക്ഷോഭങ്ങളെ തുടർന്ന് പുതുക്കുന്നതിന് ചർച്ച വിളിച്ചെങ്കിലും ചർച്ചാവേളയിൽ മാനേജ്മെന്റ് കൗണ്ടർ ചാർട്ട് ഓഫ് ഡിമാൻഡ് വെച്ചു. കമ്പ്യൂട്ടർവൽക്കരണം അവധിദിനങ്ങൾ വെട്ടിച്ചുരുക്കൽ അധ്വാനഭാരം വർധിപ്പിക്കൽ എന്നിവയായിരുന്നു മാനേജ്മെന്റ് ഉപാധികൾ. ചർച്ച വഴിമുട്ടി ,അതിനെ തുടർന്ന് 1985 മാർച്ച് 30ന് സൂചനാപണിമുടക്ക് നടത്തി. മാനേജ്മെന്റ് സർക്കാരും അനങ്ങാപ്പാറ നയം സ്വീകരിച്ചു. തുടർന്ന് ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് വേണ്ടി 1985 ഏപ്രിൽ 17ന് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. കേരളം കണ്ടതിൽ വച്ച് ഏറ്റവും തൊഴിലാളി വിരുദ്ധമായ കരുണാകരൻ സർക്കാരിന്റെ ഭരണ കാലമായിരുന്നു അത്. ആദ്യം പണിമുടക്കം പിൻവലിക്കുക എന്നിട്ടാകാം ചർച്ച എന്നതായിരുന്നു സർക്കാർ നയം. സർക്കാരിന് മുന്നിൽ മുട്ടുമടക്കാതെ സമരം മുന്നോട്ടു പോയി. സമരം രണ്ടു മാസം പിന്നിട്ടപ്പോൾ സർക്കാർ ചർച്ചയ്ക്ക് തയ്യാറായി. 1985 ജൂൺ 30ന് മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന കൂടിയാലോചന യിലും താൽക്കാലിക കരാറുണ്ടാക്കി പണിമുടക്കം പിൻവലിച്ചു. സംസ്ഥാന വ്യാപകമായി ഇതര ട്രേഡ് യൂണിയനുകളും ആയും സർവീസ് സംഘടനകളും നൽകിയ ഉറച്ച പിന്തുണയും സഹായവും ഐക്യദാർഢ്യ പ്രവർത്തനങ്ങളുമാണ് 75 ദിവസം നീണ്ടുനിന്ന പണിമുടക്കിൽ ജീവനക്കാർക്ക് വീര്യം പകർന്നത്. 1993ലെ യുഡിഎഫ് സർക്കാർ ഭരണത്തിൽ സീനിയർ മാനേജർമാരെ നേരിട്ട് നിയമിക്കാൻ കെഎസ്എഫ്ഇ മാനേജ്മെന്റ് തീരുമാനിച്ചു. സീനിയർ മാനേജർ തസ്തികയുടെ 40 ശതമാനവും ജൂനിയർ മാനേജർമാരുടെ തസ്തികയുടെ 25 ശതമാനവും നേരിട്ട് നിയമിക്കാൻ ആയിരുന്നു തീരുമാനം ശക്തമായ പ്രതിഷേധം ഉയർന്നു വന്നു. സ്റ്റാഫ് അസോസിയേഷൻ നേതൃത്വത്തിൽ സംയുക്ത 7- 1- 1993 സൂചനാപണിമുടക്ക് നടത്തി. തുടർന്ന് ധനമന്ത്രി ഉമ്മൻചാണ്ടിയുടെ സാന്നിധ്യത്തിൽ കൂടിയ ചർച്ചയിൽ ജൂനിയർ മാനേജർ മാത്രം നേരിട്ട് നിയമിക്കുക തീരുമാനം എടുത്തുകളഞ്ഞു സീനിയർ മാനേജർമാരുടെ നേരിട്ടുള്ള നിയമനത്തിന് അനുപാതം 40 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചു. രണ്ടായിരത്തി രണ്ടിൽ യുഡിഎഫ് സർക്കാർ സ്വകാര്യ ചിട്ടി കമ്പനികളുടെ താൽപര്യം പ്രകാരം ചിട്ടി ആക്ടിൽ വരുത്തിയ ഭേദഗതി ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. നിയമസഭയ്ക്കുള്ളിൽ പ്രതിപക്ഷ നേതാവ് സഖാവ് വിഎസ് അച്യുതാനന്ദനെയും സഖാവ് എ കെ ബാലന്റെയും നേതൃത്വത്തിൽ നടത്തിയ ശക്തമായ ഇടപെടലുകൾ ശ്രദ്ധേയമായി. നൂറുകണക്കിന് ജീവനക്കാരെ അണിനിരത്തിക്കൊണ്ട് സംഘടനയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. തുടർന്ന് ഭേദഗതികൾക്ക് ഭാഗികമായി മാറ്റം വരുത്താൻ സർക്കാർ നിർബന്ധിതമായി 2002 ഉഭയകക്ഷി ശമ്പളപരിഷ്കരണ കരാർ ഉത്തരവ് സർക്കാർ ഗുരുതരമായ കാലവിളംബം നടത്തി ശമ്പളപരിഷ്കരണ കരാർ അട്ടിമറിക്കുന്നതിലേക്ക് കാര്യങ്ങളെത്തി .അക്കാലത്തെ പി ടി എസ് നിയമനവുമായി ബന്ധപ്പെട്ട കമ്പ്യൂട്ടർ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഗുരുതരമായ ആക്ഷേപങ്ങൾ ഉണ്ടായി ഈ വിഷയങ്ങൾ ഉയർത്തി കൊണ്ട് ഒരു ദിവസം സൂചനാപണിമുടക്ക് നടത്തി. ഇളിഭ്യരായി മാനേജ്മെന്റ് 13 മാനേജർമാരെ സസ്പെൻഡ് ചെയ്തു സമരം ശക്തമായതിനെ തുടർന്ന് കൊല്ലം റീജണൽ ഓഫീസ് സന്ദർശിച്ചു എംഡി യെ സംഘടനയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. ഉപരോധത്തിൽ പങ്കെടുത്ത വനിത ജീവനക്കാരെ അടക്കം തലങ്ങുംവിലങ്ങും സ്ഥലം മാറ്റിയാണ് മാനേജ്മെന്റ് അരിശം തീർത്തത്. എന്നാൽ ജീവനക്കാർ സമരപാതയിൽ ഉറച്ചുനിന്നു സസ്പെൻഷൻ പിൻവലിക്കപ്പെട്ടു ശമ്പളപരിഷ്കരണ കരാറിൽ സർക്കാർ അംഗീകാരം നൽകുകയും ചെയ്തു .2016 - 17 ഇൻസെൻറ്റീവ് ചർച്ചയിൽ പൊതു മാനദണ്ഡം നടപ്പിലാക്കുന്നതിനു കൊണ്ട് അവർക്ക് ജീവനക്കാരുടെ പെർഫോമൻസ് ഇൻസെൻറ്റീവ് വെട്ടിക്കുറയ്ക്കാൻ ശ്രമമുണ്ടായി. അതേസമയം ഒരു ചെറുവിഭാഗം ഉന്നതോദ്യോഗസ്ഥർ ആനുകൂല്യം വർധിപ്പിച്ചു നൽകുകയും ചെയ്തു. ജീവനക്കാരിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ഏകപക്ഷീയവും പക്ഷപാതവും ആയഇൻസെൻറ്റീവ് നിർണയ രീതിക്കെതിരെ സംഘടന ശക്തമായി പ്രതിഷേധിച്ചു സംഘടന ആസ്ഥാനം ആഹ്വാനം ചെയ്ത ഇൻ സെന്റ് ബഹിഷ്കരണ ക്യാംപെയിൻ വൻവിജയമായി തുടർന്ന് മാനേജ്മെന്റ് ചർച്ച വിളിച്ചു ചേർക്കുകയും ഇൻസെൻറ്റീവ് പുനഃസ്ഥാപിക്കുകയും ചെയ്തു. സംഘടനയിലേക്കും സ്ഥാപനത്തിലേക്കും കടന്നുവരുന്ന പുതുതലമുറയിലെ അംഗങ്ങൾ ആവേശത്തോടെയാണ് വളരെ ബഹിഷ്കരണ സമരത്തിൽ പങ്കെടുത്തത്.

തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി നിരവധി ചെറുതും വലുതുമായ പ്രക്ഷോഭങ്ങൾ സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി. കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ആനുകാലികവും സാമൂഹ്യ സംഭവങ്ങളെക്കുറിച്ചും നിരന്തരം അംഗങ്ങളോട് സംവദിച്ചും പ്രതികരിച്ചും ജീവനക്കാരുടെ പ്രശ്നങ്ങളിൽ വിപുലമായ പങ്കാളിത്തത്തോടുകൂടി പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചു കൊണ്ടും സംഘടന സജീവമായിപ്രക്ഷോഭ രംഗത്താണ് .പൊതുമേഖലാ സ്ഥാപനങ്ങൾ വലിയ വെല്ലുവിളി നേരിടുന്ന കെട്ടകാലത്ത് കർഷകരെയും തൊഴിലാളികളുടെയും അസ്ഥിത്വം ചോദ്യം ചെയ്യുന്ന ഈ കെട്ട കാലഘട്ടത്തിൽ തൊഴിലാളികൾക്ക് എതിരായ പ്രക്ഷോഭങ്ങളിൽ അണിനിരന്നു കൊണ്ട് സംഘടന മുന്നോട്ടു പോകുന്നു